Thursday, April 19, 2018

കിടക്ക
അംനിയോട്ടിക്ക്
തടാകമെന്ന പോലെ
എനിക്ക് തോന്നി.

പൊങ്ങി കിടന്നപ്പോൾ
പുല്ലുകളന്നെ
പൊത്തി പിടിച്ചിരുന്നോയെന്ന്
അമ്മയുടെ
വയറിനകം
ഓർത്തു നോക്കി.

അങ്ങനെ കിടക്കുമ്പോഴും
നഖം കടിച്ചു തുപ്പാനല്ലാതെ
വിരലു ചപ്പാൻ
ഞാൻ ശ്രമിച്ചില്ല.

ഒന്ന് ദീർഘമായി ശ്വസിച്ച്
ഒരു കൂട്ടം
കരച്ചിലിന്റെ
കുറുക്കൻമാരെ
തുറന്ന് വിട്ടു
ഇടക്ക് ഞാൻ
ചുറ്റുപാടിനെ
പേടിപ്പിച്ചു.

ആ നേരം വിറകുവെട്ടുകാരനും എത്തിച്ചേർന്നു.

കൈ നീട്ടി
എന്നെയെടുത്തു.
കൊഞ്ചിച്ചു. ലാളിച്ചു.

ലാളനങ്ങളിൽ
ഞാൻ തങ്കപ്പളുങ്കായി പോയി പെട്ടെന്ന്.

ഒരോമനപൈതലിൽ നിന്ന് സ്ത്രീയായി.

പല ആഴത്തിലും
വെട്ടാമെന്ന് കാണിച്ച്
തങ്കകോടാലിയുടെ
ഒരു ജീബി ഓർമ്മ മാത്രം
മതിയയാൾക്കെന്ന്.

സുഖദമാർന്ന
വിവിധ മുറിവുകളിൽ
മറവിയെയിട്ടു
നോക്കുന്നിതപ്പോൾ
എത്രയാഴത്തിൽ
മുഴങ്ങുന്നെന്ന്.

അഗാധമായ കിടപ്പിൽ
അമ്മേ ഓർമ്മ വരുന്നു.
കരച്ചിൽ വരുന്നു.

അമ്മയെന്നാൽ
ഒച്ചകൾ
മുഴങ്ങി കേൾക്കാത്തത്രാഴം.
കാട്ടിൽ ആടുകളെ മേയ്ക്കുകയായിരുന്ന
ആ ഇടയന്
പെട്ടന്നനുഭവപ്പെട്ട
മടുപ്പിൽ
ഇന്ന്
ഈ ദിവസം
എന്നും
എല്ലാ ദിവസങ്ങളും.
കൂടെ നിന്ന ഒട്ടകമേ..
നിനക്ക് മാപ്പില്ല..

എന്നെ തണുപ്പത്തിരുത്തി
കൂടാരം
നീയൊന്നുലച്ചു.

പോട്ടെ.

എങ്കിലുമെന്റെ
സ്തോത്ര പുസ്തകം
നീ തിന്നു കളഞ്ഞല്ലോ.

പ്രാർത്ഥിക്കാനറിയാതെ
ഞാൻ നിലച്ചു പോയെന്ന്
അറിയാതെ പോലും
കരുതണ്ട

നീ ചവച്ചു തിന്നത്
എന്റെ കള്ളങ്ങളുടെ
പള്ളിമേടയായിരുന്നു.

കറുത്ത കുപ്പായമണിഞ്ഞ്
ഇനിയാ
പള്ളിമണി
ആര്
തുരുതുരാന്നടിക്കും.

ഹൊ.. ഒട്ടകമേ..
നിനക്കത് ദഹിക്കില്ല..

അണ്ണാക്ക് തുറക്കൂ കുട്ടി..

ആ രഹസ്യ കോഡ്
ഞാൻ കയ്യിട്ടെടുക്കട്ടേ.

അടഞ്ഞ് കിടക്കുന്ന
ഗുഹക്കുള്ളിൽ നിന്ന്

എനിക്കെന്റെ
കള്ളൻമാരെ
പുറത്ത് കടത്തണം.

Monday, April 9, 2018

രാത്രിക്കുണ്ടൊരു
മഞ്ഞ വെളിച്ചം.
അമ്മ മീനറുക്കുന്ന
ചട്ടിയിൽ
ചന്ദ്രതാരാദികൾ.
ഓർമ്മ
അങ്ങനെയാണിപ്പോൾ
പറഞ്ഞു തരുന്നത്.
അറ്റത്ത് പോയി
കുന്തിച്ച് നിൽക്കട്ടെ..
മരണത്തിന്റെ
മഞ്ഞു മേഘങ്ങളെ
ഒട്ടിച്ചു വയ്ക്കുന്നു.
ചില ഓർമ്മകൾ 
അതിനടിയിലുണ്ട്.
കാണണ്ട.
ചെമ്പിലേക്ക്,
ആ ബ്രഹ്മാണ്ഡ നോട്ടത്തിൽ നിന്ന്
അവൾ ഏഴീറ്റപ്പുലികളെയുമിറക്കി വിട്ടു.
തിളച്ചു പൊന്തും വരെ
അരിഗിരി നന്ദിനി
മുടിയൊന്ന് വാരികെട്ടി
ച്യൂയിംഗം ചവച്ച് നിലകൊണ്ടു.
"കാടിനപ്പുറം ചോലയുണ്ട്. അത് തീരുന്നിടം വരെ ഞാനുമുണ്ട്. പേടിക്കണ്ട കേട്ടോ."
കരടിക്കൊപ്പമവൾ നടന്നു.
"ഇടയിൽ ഞാനൊറ്റയ്ക്കാവുമോ?"
" അതിനീ കാട്ടുചോല തീരുന്നില്ലല്ലോ"
"ഇപ്പോഴും?"
" എപ്പോഴും"
അങ്ങനെ ഇല്ലാത്ത ചോലയിൽ അവർ സസുഖം വാണു.